Glitter of Faith

ഇതാ നമുക്കൊരു മദ്ധ്യസ്ഥ

‘ധന്യയായ മദർ മറിയം ത്രേസ്യായെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു. 2001 ഏപ്രിൽ 9ന്‌ ഔപചാരികമായ പ്രഖ്യാപനം റോമിൽ നടക്കും’ ഈ വർത്ത എന്നെ ഏറെ സന്തോഷിപ്പിച്ചു. 1786 ഏപ്രിൽ 6ന്‌ പുത്തൻചിറ ഗ്രാമത്തിലെ മങ്കിടിയാൻ തോമൻ താണ്ട ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തെ കുട്ടിയായി ജനിച്ച്‌ വിശുദ്ധിയുടെ സോപാനത്തിലേയ്ക്ക്‌ ഉയർത്തപ്പെടുന്ന മറിയം ത്രേസ്യാമ്മ ഞങ്ങൾക്ക്‌ പുത്തൻചിറക്കാർക്ക്‌ മാത്രമല്ല. കേരളസഭയിലെ ഏവർക്കും ഉത്തമമാതൃകയാണ്‌. അഭിമാനമാണ്‌.

ഞങ്ങളുടെ ചെറുപ്പത്തിൽ അമ്മാമ മറിയം ത്രേസ്യാമ്മയുടെ ജീവിതകഥകൾ ഞങ്ങളെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്‌. “മക്കളെ, ആ അമ്മ ഒരിയ്ക്കൽ വിശുദ്ധയാകും. അത്രയ്ക്കും പവിത്രമായ പ്രാർത്ഥനാ ജീവിതമാണ്‌ അവൾ നയിച്ചിരുന്നത്‌” അമ്മാമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഞാനും ചേട്ട•ാ‍രുമൊക്കെ അത്ഭുതത്തോടെ ആ പുണ്യവതിയെ മനസ്സിൽ ധ്യാനിക്കാറുണ്ട്‌. ചെറുപ്പത്തിലെ കുസൃതിയായിരുന്ന ഞാൻ ഒരിയ്ക്കൽ ചോദിച്ചു. “അമ്മാമ്മേസ അപ്പൊ തമ്പാച്ചനെപ്പോലെ നമ്മള്‌ തൊട്ട്‌ മുത്ത്വോ…….” ഉവ്വ്‌ മോനേ, ദൈവാധീനം കൊണ്ട്‌ അതിനിടവരും” അമ്മാമയുടെ വാക്കുകൾ ഇന്ന്‌ അന്വർത്തമാക്കുകയാണ്‌. ഞാൻ വളർന്നു വന്ന സാഹചര്യങ്ങളിൽ പലതവണ ഈ ധന്യാത്മാവ്‌ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, കട്ടിൽ എന്നിവ കാണുകയും കബറിടത്തിൽ പ്രാർത്ഥിച്ച്‌ അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ട്‌. യഥാർത്ഥത്തിൽ ഗാർഹിക സഭയുടെ പ്രവാചികയായിരുന്നു മദർ മറിയം ത്രേസ്യ. വിവാഹപ്രായമായ പെൺകുട്ടികൾ വീട്‌ വിട്ട്‌ പുറത്തിറങ്ങാൻ പാടില്ലെന്ന അതിശക്തമായ സാമൂഹ്യവിലക്ക്‌ നിലനിന്നിരുന്ന കാലത്താണ്‌ അമ്മ പ്രവാചകധീരതയോടെ സാന്ത്വനത്തിന്റെ ഹസ്തവുമായി, ഹൃദയത്തിൽ എരിയുന്ന ദൈവസ്നേഹത്തിന്റെ ജ്വാലാരൂപമായി ഭവനങ്ങളിലേയ്ക്ക്‌ കടന്നുചെന്നത്‌. രോഗികളെയും വേദനിക്കുന്നവരെയും ഭവനങ്ങളിൽ പോയി സന്ദർശിച്ച്‌ അവരെ ശുശ്രൂഷിയ്ക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാൻ മദർ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. മദ്യപാനികൾ, രോഗികൾ, സാമൂഹ്യവിരുദ്ധർ എന്നിങ്ങനെ എല്ലാവരുടെ വീടുകളിലും പുണ്യചരിതയുടെ പാദസ്പർശമേൽക്കാത്ത ഒരൊറ്റ വീടും ഈ ഗ്രാമത്തിലുണ്ടായിരുന്നില്ല. അത്രയ്ക്ക്‌ കർമ്മശേഷിയും അദ്ധ്യാത്മിക പ്രതിബദ്ധതയും അമ്മയ്ക്കുണ്ടായിരുന്നു.

സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിരുന്ന കാലഘട്ടത്തിൽ ഭാവിയിൽ സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാമായിരിക്കുക കുടുംബമാണ്‌ എന്ന്‌ ക്രാന്തദർശിയായ മദർ മറിയം ത്രേസ്യായ്ക്ക്‌ നിശ്ചയമായിരുന്നു. കർമ്മോ•ു‍ഖമായ ആദ്ധ്യാത്മികതയാണ്‌ കാലത്തെ അതിജീവിക്കുക എന്ന ബോധ്യത്തിൽ കടുത്ത എതിർപ്പുകളുണ്ടായിട്ടും 1914 മെയ്‌ 14-ാ‍ം തിയതി തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‌ തുടക്കം കുറിച്ചു. കാൽവരിയിലെ കുരിശാണ്‌ കുടുംബജീവിതത്തിലെ കുരിശുകളെ അഭിമുഖീകരിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗം എന്ന്‌ അമ്മയ്ക്ക്‌ വളരെ വ്യക്തമായിരുന്നു. അപരന്റെ കുരിശിന്റെ ഭാരം, അത്‌ അവനിൽ ഉളവാക്കുന്ന അസഹ്യമായ വേദന എന്നിവ വ്യക്തമായി മനസ്സിലാക്കി ശിമയോനെപ്പോലെ അതൊന്നു ചുമക്കാൻ, വെറോനിക്കായെപ്പോലെ അതൊന്ന്‌ ഒപ്പിയെടുക്കാൻ കാൽവരിയിലെ പരിശുദ്ധ അമ്മയെപ്പോലെ കാൽവരിയാകുന്ന കുടുംബത്തിലെ കുരിശുകൾ ചുമക്കുവാൻ മറിയം ത്രേസ്യായ്ക്ക്‌ കഴിഞ്ഞിരുന്നു. 1914-ലാണ്‌ ഔദ്യോഗികമായി പ്രേഷിതപ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും 1909-ൽ പുത്തൻചിറ പ്രദേശത്ത്‌ വസൂരി ബാധയുണ്ടായപ്പോൾ തന്നെ മറിയം ത്രേസ്യ ഭവനങ്ങളിൽ ചെന്ന്‌ അവരെ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു.

മറ്റൊന്നുകടി വളരെ വ്യക്തമായി പറയാനുണ്ട്‌. – മദ്യപാനികളുടെ കുടംബത്തിന്റെ ആശ്രയമാണ്‌ അമ്മ. കുടുംബനാഥ•ാ‍രുടെയും മുതിർന്നവരുടെയും മദ്യപാനത്തിന്റെ തിക്തഫലങ്ങൾ അമ്മയ്ക്ക്‌ സുവ്യക്തമായിരുന്നു. അത്തരത്തിൽ തകർന്നടിയുന്ന കുടുംബങ്ങളിൽ കടന്നു ചെന്ന്‌ അവരെ ദൈവീകതയുടെ ശാശ്വത സമാധാനത്തിലേക്ക്‌ ആനയിക്കാൻ അമ്മയ്ക്ക്‌ ഒരു പ്രത്യേക കൃപാവരം തമ്പുരാൻ നൽകിയിരുന്നു. കുരിശു ചുമക്കുന്ന യേശുവിനാണ്‌ മറ്റുള്ളവരുടെ കുരിശുകൾ ഏറ്റെടുക്കുവാൻ സാധിക്കുക. അതിനാൽ, അമ്മ സ്വജീവിതാനുഭവങ്ങളുടെ കുരിശുകൾ ചുമന്നു മറ്റുള്ളവരുടെ കുരിശുകൾ ഏറ്റെടുത്തു.

മദ്യത്തിന്റെയും മറ്റ്‌ ലഹരി വസ്തുക്കളുടെയും അടിമത്തത്തിൽപ്പെട്ട്‌ തകർന്നടിയുന്ന കുടുംബങ്ങളുടെ ഏക ആശ്രയവും സാങ്കേതവും മദ്ധ്യസ്ഥതയുമാണ്‌ അമ്മ. നവചൈതന്യപ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയായി നമുക്ക്‌ മറിയം ത്രേസ്യാമ്മയെ തെരഞ്ഞെടക്കാം. മദ്യത്തിന്റെ ദുഷ്യഫലങ്ങൾ ആഴത്തിൽ മനസ്സിലാക്കി അമ്മ സ്വർഗ്ഗത്തിലിരുന്നുകൊണ്ട്‌ നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കും. നമ്മുടെ പ്രവർത്തനങ്ങൾക്ക്‌ കരുത്തു പകരും.

– റവ. ഡോ. സ്റ്റീഫൻ ചിറപ്പണത്ത്‌