Gliter of Puthenchira

പുത്തൻചിറയ്ക്ക്‌ പുണ്യോദയം! ഭക്തജനത്തിനു സൂര്യോദയം!!

പുത്തൻചിറയ്ക്ക്‌ പുണ്യോദയം! ഭക്തജനത്തിനു സൂര്യോദയം!! – പി.എം. ഷാഹുൽ ഹമീദ്‌ മാസ്‌ററർ പുണ്യചരിതയായ മദർ മറിയം ത്രേസ്യയുടെ പ്രഥമതിരുനാൾ ജൂൺ 8-ന്‌ ഭക്തിസാന്ദ്രമായ പരിപാടികളോടെ ആഘോഷിക്കുകയാണ്‌. ഗാർഹിക സഭയുടെ പ്രവാചികയായ മറിയം ത്രേസ്യ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെടുന്ന തിരുനാളാണ്‌ ഇത്‌. ഹോളിഫാമിലി കോൺഗ്രിഗേഷന്റെ ഡൽഹി, ബീഹാർ, ആഗ്ര, പാലക്കാട്‌, എറണാകുളം, ഒളരി, കല്ലേറ്റുംകര, പ്രോവിൻസ്‌ ഹൗസുകളിലും 178 തിരുക്കുടുംബ ഭവനങ്ങളിലും തിരുനാൾ ആഘോഷിക്കും. മദർ മറിയം ത്രേസ്യ അന്ത്യവിശ്രമം കൊള്ളുന്ന കുഴിക്കാട്ടുശ്ശേരി മഠം തീർത്ഥകേന്ദ്രത്തിൽ ഇന്നു രാവിലെ ദിവ്യബലിയോടെ തിരുനാൾ ചടങ്ങുകൾ ആരംഭിക്കും. ഉച്ചതിരിഞ്ഞു രണ്ടരമണിക്കാണ്‌ ആഘോഷമായ പാട്ടുകുർബ്ബാന സീറോമലബാർ സഭാദ്ധ്യക്ഷൻ മാർ വർക്കി വിതയത്തിൽ, സീറോ മലങ്കര ആർച്ച്‌ ബിഷപ്പ്‌ മാർ സിറിൾ ബസേലിയൂസ്‌, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ്‌ വലിയമറ്റം എന്നിവർ പ്രധാനകാർമ്മികത്വം വഹിക്കും. തിരുനാൾ കുർബ്ബാനക്കുശേഷം തിരുശേഷിപ്പും തിരുസ്വരൂപവും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുക്കും.

ദൈവദാസി മദർ മറിയം ത്രേസ്യ പുത്തൻചിറ ഗ്രാമത്തിൽ പൗരാണിക പ്രസിദ്ധയുള്ള ചിറമ്മൽ മങ്കിടിയാൻ കുടുംബത്തിലാണ്‌ ഭൂജാതയായത്‌. 1999 ജൂൺ 28ന്‌ പുത്തൻചിറയുടെ പുണ്യോദയമായിരുന്നു. മറിയം ത്രേസ്യയെ ജോൺ പോൾ മാർപ്പാപ്പ ധന്യയായി പ്രഖ്യാപിച്ച സുദിനമായിരുന്നു അത്‌. ഇപ്പോഴിതാ ക്ഷമയുടേയും സഹനത്തിന്റേയും ക്രൈസ്തവചൈനത്യത്തിന്റേയും നിറകുടമായ മറിയം ത്രേസ്യ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയർത്തപ്പെട്ടിരിക്കുന്നു. ഏപ്രിൽ 9 തിരുക്കുടുംബ സഭയുടെ മാത്രമല്ല മുഴുവൻ ഭകതജനങ്ങളുടെയും സൂര്യോദയമായിരുന്നു ആ അവിസ്മരണീയദിനം. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമമെത്രാൻ മാർ ജെയിംസ്‌ പഴയാറ്റിൽ ഉൾപ്പെടെ നിരവധി വൈദികരേയും കന്യസ്ത്രീകളേയും സഭക്കും സമൂഹത്തിനും സംഭാവന ചെയ്തിട്ടുള്ള നാട്ടിൻപുറമാണ്‌ ന•കളാൽ സമൃദ്ധമായ പുത്തൻചിറ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവും പ്രശസ്ത ഹിന്ദി വിശാരദനുമായ ഇ.കെ. ദിവാകരൻ പോറ്റിയും ഈ ഗ്രാമത്തിന്റെ സാന്താമാണ്‌. മറിയം ത്രേസ്യയുടെ ജ•ം കൊണ്ടും കർമ്മം കൊണ്ടും പരിപാവനമായ പുത്തൻചിറയുടെ പ്രാന്ത പ്രദേശമാണ്‌ കുഴിക്കാട്ടുശ്ശേരി. അമ്മയുടെ നാമധേയത്തിലുള്ള ആദ്യത്തെ ആതുരശുശ്രൂഷാകേന്ദ്രവും കുടുംബനവീകരണകേന്ദ്രവും പ്രശസ്തമായ സെന്റ്‌ മേരീസ്‌ ഗേൾസ്‌ ഹൈസ്കൂളും പ്രൈമറി സ്കൂളും കുഴിക്കാട്ടുശ്ശേരിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മഹാമാരിയിലും സാന്ത്വനദീപം വസൂരി അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച്‌ ബന്ധുക്കൾ ഉപേക്ഷിച്ച മരണാസന്നർക്കു മറിയം ത്രേസ്യ മാലാഖയായിരുന്നു. ചീഞ്ഞഴുകിയ ശരീരം കഴുകി വൃത്തിയാക്കി സാന്ത്വനത്തിന്റേയും വിശ്വാസത്തിന്റേയും ഒലിവുതൈലം പുരട്ടി ഓടി നടന്ന അവൾ കാലത്തിന്റെ ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ വിപ്ലവകാരിയായിരുന്നു.

ഒരു നൂറ്റാണ്ടുമുമ്പാണിതെന്ന്‌ ഓർക്കണം. കേരളത്തിലെ പെൺകുട്ടികൾ പുറത്തിറങ്ങുന്നതുപോലും നിഷിദ്ധമായ കാലം. നാടാകെ മാരകരോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ അടുത്ത ബന്ധുക്കൾപോലും രക്തബന്ധം വരെ മറന്ന്‌ അവരെ ഉപേക്ഷിച്ചു. അവരെ പരിചരിച്ചാൽ രോഗം വരുമെന്നു ഭയന്ന്‌ ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതി. വ്രണങ്ങൾ നിറഞ്ഞു ശരീരം ചീഞ്ഞഴുകി. ഇവരിൽ പലരെയും ജീവനോടെ കുഴിച്ചിട്ട സംഭവങ്ങളുമുണ്ടായി. ഈ ദുരവസ്ഥ കണ്ട്‌ ത്രേസ്യ മാരകരോഗികളുടെ വീടുകളിൽ കയറിയിറങ്ങി പരിചരിച്ചു. കുറേപ്പേർ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. ദൈവിക ചൈതന്യം പകർന്നു നൽകാൻ അവൾക്കു കഴിഞ്ഞു മരണാസന്നരെ അവൾ നല്ല മരണത്തിനൊരുക്കി. രോഗികളുടെ ഭവനങ്ങളിൽ ത്രേസ്യയുടെ ആശ്വാസസന്ദർശനം അനിവാര്യമായി മാറി. ത്രേസ്യക്കും രോഗങ്ങൾ പകരുമെന്ന്‌ പലരും ഭയപ്പെട്ടെങ്കിലും രോഗിശുശ്രൂഷക്കിറങ്ങിയ അവൾക്ക്‌ അങ്ങനെയൊരു ആശങ്കയേ ഇല്ലായിരുന്നു. ഈ രോഗീശുശ്രൂഷ തടയാൻ വീട്ടുകാർ പരമാവധി ശ്രമിച്ചു. പക്ഷേ ത്രേസ്യക്ക്‌ അതൊന്നും ഒരു തടസ്സമല്ലായിരുന്നു. അക്കാലത്ത്‌ ഒരു ഈഴവ സ്ത്രീ വസൂരി ബാധിച്ചു മരണാസന്നയായി കഴിയുകയായിരുന്നു. ബന്ധുക്കളെല്ലാം ഉപേക്ഷിച്ചു. ശരീരം ചീഞ്ഞഴുകിയ നിലയിലായിരുന്നു. വിവരമറിഞ്ഞ്‌ ത്രേസ്യ ആ രോഗിയെ പരിചരിച്ചു; ആശ്വസിപ്പിച്ചു. രാത്രി ആ സ്ത്രിയുടെ ബന്ധുക്കൾ മൂക്കറ്റം മദ്യപിച്ചെതതി ആ സ്ത്രിയെ ജീവനോടെ പഴമ്പായിൽ ചുരുട്ടികെട്ടി സംസ്ക്കരിക്കാൻ മാറ്റിക്കിടത്തി. പിറ്റേന്നു രാവിലെ കുഴിച്ചിടാനൊരുങ്ങുമ്പോഴാണ്‌ ആ സ്ത്രി മരിച്ചിട്ടില്ലെന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ ത്രേസ്യയെത്തുന്നത്‌. സംസ്കാരത്തിനു വന്ന ബന്ധുക്കൾ പായക്കെട്ട്‌ തുറന്നു നോക്കിയപ്പോൾ ആ സ്ത്രീ മരിച്ചിട്ടില്ലായിരുന്നു. പക്ഷെ, അന്നു വൈകുന്നേരം ആ സ്ത്രി മരിച്ചു; സംസ്കരിക്കുകയും ചെയ്തു. ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന വ്രണങ്ങളുമായി കഴിഞ്ഞിരുന്ന തൈരി എന്ന പട്ടികജാതിക്കാരിയുടെ കഥയും കേൾക്കുക. കീഴ്ജാതിക്കാരെ തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും നിലനിന്നിരുന്ന കാലം. കോംഗ്ങ്ങൻ ബാധിച്ച അഴുകിയ ശരീരവുമായി കഴിഞ്ഞിരുന്ന തൈരിയെ അതൊന്നും കൂസാതെ ത്രേസ്യ പരിചരിച്ചു. സ്വന്തം കുടിലിൽ നിന്ന്‌ പുറത്താക്കപ്പെട്ടിരുന്ന അവളെ ത്രേസ്യ അവളുടെ വീട്ടിൽ പാർപ്പിച്ച്‌ ശുശ്രൂഷിച്ചു.

കുറച്ചു കാലത്തിനുശേഷം രോഗം ശമിച്ചപ്പോൾ അവളെ സ്വന്തം വീട്ടുപറമ്പിൽ ചെറിയൊരു കൂര നിർമ്മിച്ച്‌ അവിടെ താമസിപ്പിച്ചു. ഒരു ബാർബർ സ്ത്രിയുടെ കഥയും അറിയണ്ടേ? ആരും തിരിഞ്ഞു നോക്കാതിരുന്ന മരണാസന്നയായ ക്ഷുരകസ്ത്രീയെ ത്രേസ്യ പരിചരിച്ചു. അവൾക്ക്‌ സ്നേഹവചനങ്ങൾ പകർന്നു നൽകി. മന:ശാന്തിയോടെ ആ സ്ത്രീ മരിച്ചു. അവളുടെ കൈക്കുഞ്ഞ്‌ അനാഥയായി. ആ കുഞ്ഞിനെ ത്രേസ്യ വീട്ടിലേക്ക്‌ കൊണ്ടു പോയി. സ്വന്തം മകളെപ്പോലെ വളർത്തി. ബ്രിജിത്ത എന്നു പേരിട്ടു. വളർന്നു വലുതായ അവളെ പിന്നീടു വിവാഹം കഴിപ്പിച്ചയച്ചു. ഇപ്പോഴുമവൾ അമ്മയോടുള്ള നന്ദിയോടെ ചേർപ്പിൽ ജീവിക്കുന്നു. അമ്മയെക്കുറിച്ചോർക്കുമ്പോൾ ഈ എഴുപത്തെട്ടുകാരി ഇന്നും പൊട്ടിക്കരയും. “എനിക്കും ജീവനും ജീവിതവും തന്ന അമ്മയാണ്‌” ആ വല്യമ്മ പറയും. അവൾക്കവേണ്ടി പ്രാർത്ഥിക്കണമെന്നു വിതയത്തിലച്ചൻ ത്രേസ്യയോട്‌ ആവശ്യപ്പെട്ടു. അവളുടെ ദീനയാതനകൾ വിവരിച്ചപ്പോൾ മറിയം ത്രേസ്യയുടെ മനമുരുകി അവൾ പ്രാർത്ഥിച്ചു. ഹൃദയം തുറന്നു വച്ചു കൊണ്ട്‌.

“ആ പാവം ത്രേസ്യയുടെ അസുഖം മാറ്റണേ പകരം ആ യാതനകൾ ഈ ത്രേസ്യക്കു തരിക. ഞാനത്‌ സഹിച്ചുകൊള്ളാം.” പിറ്റേന്ന്‌ ആലപ്പാട്ട്‌ ത്രേസ്യയുടെ അസുഖം വിട്ടുമാറി. അതേ സമയം ത്രേസയുടെ ഇടതുവശം പാടേ തളർന്നു പോയി. അനങ്ങാനാകാതെ ഒരേ കിടപ്പ്‌. അസഹ്യമായ വേദനയും. ഈ ദുരിതം സന്തോഷപൂർവ്വം അവൾ ഏറ്റുവാങ്ങി. ഒരാഴ്ച കഴിഞ്ഞാണു രോഗശാന്തി ലഭിച്ചത്‌. ഒമ്പതുവയസ്സുള്ളപ്പോഴേ ത്രേസ്യ കന്യാവ്രതമെടുത്തു കഴിഞ്ഞിരുന്നു. വിവാഹം ഒഴിവാക്കുകയെന്നതുതന്നെ തീരുമാനം. അക്കാലത്ത്‌ ചെവിയുടെ താഴെയുള്ള മാംസളമായ ഭാഗം തുളച്ച്‌ ചെറിയ ഭാരമുള്ള ആഭരണങ്ങൾ തൂക്കിയിട്ട്‌ ചെവിയിലുണ്ടാക്കിയ ദ്വാരത്തിന്റെ വലുപ്പം വർദ്ധിപ്പിക്കുന്നതു ഫാഷനായിരുന്നു. ചെവിയിലെ ദീർഘവൃത്താകൃതിയിലുള്ള ഈ തുള എത്രയം വലുതാണോ അത്രയും സൗന്ദര്യവും ആഢ്യത്വവുമുണ്ടെന്നു കരുതിയിരുന്ന കാലമാണത്‌. ഇന്നും മുണ്ടും ചട്ടയുമുടുക്കുന്ന, പ്രായമുള്ളവരുടെ ചെവിയിൽ ഇത്തരത്തിൽ കാതു കത്തിയിരിക്കുന്നതു കാണാം. ത്രേസ്യയുടെ വീട്ടുകാർ അവളുടെ കാതും കുത്തിച്ചു. കർണ്ണാഭരണങ്ങൾ അണിയില്ലെന്നു ശപഥം ചെയ്തിരുന്ന ത്രേസ്യ കാതുകുത്തിനു നിന്നുകൊടുത്തത്‌ അതിന്റെ വേദന അനുഭവിക്കാമല്ലോ എന്നോർത്താണ്‌. ആ വേദന കൂടി ദൈവത്തിനു സമർപ്പിക്കാൻ ലഭിക്കുന്ന അവസരം നഷ്മാക്കേണ്ടെന്നായിരുന്നു അവളുടെ നിലപാട്‌. കാതുകുത്തി, പക്ഷേ ആഭരണങ്ങളണിഞ്ഞില്ല. എങ്കിലും അമ്മ കാതിലെ ദ്വാരം വലുതാക്കാനുള്ള ശ്രമങ്ങൾ തുടർന്നു. കാതിലെ ദ്വാരം വലുതായി വൃത്താകൃതി പ്രാപിച്ചപ്പോഴേക്കും ത്രേസ്യ അതിന്റെ താഴെയുള്ള ഭാഗം മുറിച്ചു. കൊടിയ വേദന. രക്തമൊഴുകിയപ്പോൾ എന്തൊക്കെയോ പച്ചിലകൾ വച്ചു. കൊടിയ പീഡനങ്ങളേറ്റു താനടക്കമുള്ളവർക്കുവേണ്ടി ക്രൂശിതനായ ദൈവപുത്രൻ അനുഭവിച്ച വേദനയുടെ ഒരംശം പോലുമില്ല ഇതെന്ന്‌ അവൾക്കറിയാമെങ്കിലും സ്വയം പീഡനത്തിലൂടെ അവൾ ആ വേദനയെ പിൻചൊല്ലുകയായിരുന്നു. രണ്ടു തവണ ത്രേസ്യ ഇത്തരത്തിൽ കാതു പൊട്ടിച്ചു. അതിനുശേഷം അമ്മ കാതുകുത്തിനു നിർബന്ധിച്ചില്ല.

ഓർമ്മകളിൽ തെളിയുന്ന വിശുദ്ധി ജോസ്‌ തളിയത്ത്‌ ‘മറിയം ത്രേസ്യ വാഴ്ക’ എന്നു തമിഴിൽ എഴുതിവെച്ച ടൂറിസ്റ്റ്‌ ബസ്സ്‌ ചീറിപ്പാഞ്ഞു കടന്നു പോയി. വെള്ളയും മഞ്ഞയും നിറങ്ങളിൽ തോരണം ചാർത്തിയ ഗ്രാമപാതയുടെ അറ്റത്ത്‌ അതു കണ്ണിൽ നിന്ന്‌ മറഞ്ഞു. കുഴിക്കാട്ടുശ്ശേരി പള്ളയിലെ അമ്മയുടെ അന്ത്യ വിശ്രമസ്ഥാനത്തുനിന്നു ഗോപുരമണികളുടെ സാന്ദ്രമായ മുഴക്കം. പുത്തൻചുറ ഉണരുകയാണ്‌. ഇനി ഉറക്കമില്ലാത്ത ഏതാനും യാമങ്ങൾ കൂടി. ഈ നാടിന്റെ പുത്രിയെ കത്തോലിക്കാ ലോകം മുഴുവൻ ‘അനുഗ്രഹീത’യെന്നു വാഴ്ത്താൻ തുടങ്ങുന്ന വിശുദ്ധ മുഹൂർത്തത്തിനുവേണ്ടിയായിരുന്നല്ലോ ഈ ഗ്രാമഹൃദയം ഇതുവരെ കാത്തിരുന്നത്‌. ചാലക്കുടിയും മാളയും ഇരിങ്ങാലക്കുടയും ചേർന്നു സൃഷ്ടിക്കുന്ന ത്രികോണപ്രദേശത്തിന്റെ മദ്ധ്യത്തിലുള്ള കൊച്ചു ഗ്രാമം. പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളും വറ്റി വരണ്ട തോടുകളും തേജസ്സുമങ്ങിയ തെങ്ങിൻ തോപ്പുകളും രണ്ടു ദിവസമായി പെയ്ത വേനൽമഴയിൽ പൊടിയടങ്ങിയ നിരത്തുകളിൽ വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ, നാൽക്കവലകളിൽ ചെറു സദസ്സുകൾ, നാട്ടുവിശേഷങ്ങളിൽ നാളെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനെപ്പറ്റിയുള്ള വിശകലനങ്ങൾ. ഇവർ പുത്തൻചിറയിലെ പുതിയ തലമുറക്കാരാണ്‌. മറിയം ത്രേസ്യയെന്ന പുണ്യവതിയായ കന്യാസ്ത്രിയെപ്പറ്റി കേട്ടറിവുമാത്രമുള്ളവർ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ തങ്ങളുടെ ഗ്രാമത്തിൽ ജീവിച്ച്‌ അന്തരിച്ച സ്നേഹവതിയായി, ത്യാഗിനിയായ സിസ്റ്റർ. അവസാനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു തലമുറയും ഇവിടെയുണ്ട്‌. വിരലിലെണ്ണാൻ മാത്രമുള്ള അവരിൽ പലരും മറിയം ത്രേസ്യയെ കൺനിറയെ കണ്ടവരാണ്‌. സംസാരിച്ചവരാണ്‌. അമ്മയുടെ സ്നേഹമറിഞ്ഞവരാണ്‌. ദേവതുല്യമായ ആ സാന്നിദ്ധ്യത്തിന്റെ സ്മരണയിൽ ഇന്നും ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ. മിയം ത്രേസ്യ വാഴ്ത്തപ്പെട്ടവരടെ ഗണത്തിലേക്ക്‌ ഉയർത്തപ്പെടുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത്‌ ഒരു പക്ഷേ, അവരോടൊപ്പം ഏതാനും വർഷം ജീവിക്കാൻ കഴിഞ്ഞ സിസ്റ്റർ സൂസന്നയാണ്‌. സഹസന്യാസിനികളിൽ ശേഷിച്ചിട്ടുള്ള ഒരേയൊരാൾ. കുഴിക്കാട്ടുശ്ശേരി മഠത്തിൽ മറിയം ത്രേസ്യയോടൊപ്പം കഴിഞ്ഞു കൂടിയ നാളുകളെപ്പറ്റി തൊണ്ണൂറുകഴിഞ്ഞ സിസ്റ്റർ സൂസന്ന പറയുമ്പോൾ, ധന്യമായ ആ സ്മരണയിൽ അവർ വിതുമ്പി. “കുഴിക്കാട്ടുശ്ശേരി പ്രൈമറി സ്കൂളിൽ പഠിക്കാൻ വരുമ്പോഴാണ്‌ ആദ്യമായി അമ്മയെ കാണുന്നത്‌. 1918 ലാണത്‌. അന്നു കുഴിക്കാട്ടുശ്ശേരി മഠം പണിയിപ്പിക്കുകയാണ്‌ അമ്മ. പിന്നീടു ഞാനും എന്റെ രണ്ടു സഹോദരിമാരും മഠത്തിൽ ചേർന്നു. അമ്മ മരിക്കുമ്പോൾ എനിക്കു 16 വയസ്സ്‌ ഞങ്ങളെല്ലാം കണ്ടുനിൽക്കുമ്പോഴാണ്‌ അമ്മ മരിച്ചത്‌. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.” ചുളിവുവീണ മുഖത്ത്‌ എഴുപത്തിനാലു വർഷം മുമ്പ്‌ ഒരു ജൂണിലെ രാത്രി. ഓർമ്മയുടെ തിരത്തള്ളൽ. “ഈ മഠത്തിന്റെ രണ്ടാം നിലയിലായിരുന്നു അന്നു പ്രാർത്ഥനാലയം.

എത്ര ബദ്ധപ്പാടുണ്ടായാലും മണിക്കൂറുകൾ കൈകൂപ്പിനിന്ന്‌ അമ്മ പ്രാർത്ഥിക്കും. ഈ ഒറ്റക്കാര്യം മര്റെന്തുമറന്നാലും ഞാൻ മറക്കില്ല. . . . അമ്മ മരിച്ച ദിവസം ഞങ്ങളുടെ തോട്ടത്തിലെ മുല്ലച്ചെടികൾ കൂട്ടത്തോടെ പൂവിട്ടു. എന്റെ കണ്ണുകൊണണ്ടു കണ്ടതാണ്‌. . . .” അമ്മയെപ്പറ്റി എത്ര പറഞ്ഞാലും സിസ്റ്റർ സൂസന്നക്കു തൃപ്തിവരില്ല. ഒരു വിശുദ്ധയുടെ കരസ്പർശനമേറ്റ്‌, സ്നേഹവാത്സല്യങ്ങൾ സ്വീകരിച്ച്‌, സഫലമായ ഒരു ജീവിതയാത്ര. മദ്ധ്യസ്ഥങ്ങളിലൂടെ മൂന്നു വയസ്സുള്ളപ്പോൾ കർക്കിടകത്തിലെ മഴവീണു കുതിർന്ന ഒരു സന്ധ്യയിലാണ്‌ അവൾ വന്നത്‌. ബ്രിജിത്ത. അന്നവൾക്കു പേരില്ല. പുത്തൻചിറ പടിഞ്ഞാറേ പാടത്തിന്റെ പുന്നമരച്ചുവട്ടിലെ ചെറ്റകുടിലിൽ അനാഥയായിരുന്നു അവൾ. അച്ചൻ മരിച്ചു മാസങ്ങൾക്കകം അമ്മയും. “ആരോരുമില്ലാത്ത എന്നെ അമ്മ മരിച്ചപ്പോൾ എടുത്തുകൊണ്ടുപോന്നതു മറിയം ത്രേസ്യാമ്മയാണ്‌. അന്നുമുതൽ മഠത്തിലാണ്‌ ഞാൻ ജീവിച്ചത്‌. 19 വയസ്സുവരെ അങ്ങനെ കഴിഞ്ഞു. പിന്നീട്‌ കല്യാണം കഴിച്ചയച്ചു. ഞാനിപ്പോൾ ചേർപ്പിൽ മക്കളുടെ അടുത്താണ്‌ താമസം”. ഓർമ്മകളിൽ കണ്ണീരിന്റെ നനവ്‌. ബ്രിജിത്ത കരയുകയാണ്‌. മാതൃസ്നേഹത്തിന്റെ തേനും വയമ്പും നാവിൽ ചാലിച്ചു നൽകിയ പുണ്യവതിയുടെ ഓർമ്മകളിൽ, അനാഥത്വത്തിൽ നിന്നുരക്ഷപ്പെട്ട സനാഥജ•ത്തിന്റെ ചാരിതാർത്ഥ്യം.

****** പത്തൻചിറ കോൾക്കുന്നു കോളനിയിലെ ചെറിയ വീട്ടിൽ തളർന്നുറങ്ങുകയാണ്‌ തൊണ്ണൂറു പിന്നിട്ട കാളിയമ്മ. കാഴ്ച മങ്ങിയ കണ്ണുകളിൽ ഓർമ്മകൾക്കപ്പുറത്ത്‌ ഓലമേഞ്ഞ കൊച്ചുവീടും ചുറുചുറുക്കോടെ അവിടെ ഓടി നടക്കുന്ന പെൺകുട്ടിയും. “അതാണ്‌ എന്റെ തമ്പാട്ടി. എന്റെ പൊന്നു തമ്പാട്ടി. അവളുടെ ഉടുപ്പിലിട്ടാണ്‌ എന്നെ വർത്തിയത്‌.” മറിയം ത്രേസ്യായുടെ തറവാട്ടുവീടായ ചിറമ്മൽ മങ്കിടിയാൻ കുടുംബത്തിലെ അന്തേവസിയെപ്പോലെയായിരുന്നു പതിനാറു വയസ്സുവരെ കാളിക്കുട്ടി. കളിക്കൂട്ടുകാരിയെപ്പോലെ ‘പൊന്നു തമ്പാട്ടി’ കാളിക്കുട്ടിയെ താലോലിച്ചു. മറിയം ത്രേസ്യയായി മാറിയ ആ പെൺകുട്ടിയെപ്പറ്റി ഒട്ടേറെ ഓർമ്മകളുണ്ട്‌. കാളിയമ്മയ്ക്ക്‌. ‘മടിയിലും ഉടുപ്പിലും’ കിടത്തി തന്നെ വളർത്തിയെന്ന വാക്കുകളിൽ നന്ദിയുടെയും സ്നേഹത്തിന്റെയും ഒരായിരം സാഗരസാക്ഷ്യം. മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന കാര്യം കാളിയമ്മ അറിഞ്ഞിട്ടില്ല. അതിന്റെ പ്രസക്തി അവർക്ക്‌ അറിയില്ല. എങ്കിലും ജീവിതത്തിന്റെ പ്രഭാതത്തിലും വസന്തത്തിലും തനിക്കു കൂട്ടായി നിന്ന ‘പൊന്നു തമ്പാട്ടി’യെ മൂടൽമഞ്ഞിലെന്നപോലെ അവർ കാണുന്നു. കാഴ്ച മങ്ങി, കേൾവി നഷ്ട്പപെട്ടു മകനോടൊപ്പം കൊച്ചു വീട്ടിൽ തളർന്നുറങ്ങുമ്പോഴും കാളിക്കുട്ടിയുടെ മനസ്സിൽ ഇന്നുമുണ്ട്‌ അവളുടെ തമ്പാട്ടി. നല്ലവളായ പൊന്നു തമ്പാട്ടി.

***** എൺപത്തേഴിന്റെ ആലസ്യങ്ങൾക്കിടയിലും മാളിയേക്കൽ കൂനൻ കുഞ്ഞുവറീതിന്റെ മനസ്സിൽ തെളിച്ചമുള്ള ഒരു ചിത്രമുണ്ട്‌. മൃദുലമായി സംസാരിക്കുന്ന, ഇരുനിറമുള്ള എപ്പോഴും പുഞ്ചിരിക്കുന്ന ‘മറിയം ത്രേസ്യ’. പുത്തൻചിറ ഫെറോന പള്ളിക്കു സമീപം ഓടിട്ട പഴയ വീടിന്റെ പൂമുഖത്തിരുന്നു കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ അദ്ദേഹം അയവിറക്കി. “മറിയം ത്രേസ്യ പലതവണ ഈ വീട്ടിൽ വന്നിട്ടുണ്ട്‌. എന്റെ അമ്മ സുഖമില്ലാതെ കിടന്ന നാളുകളിൽ. അപ്പോഴൊക്കെ ആ മുഖം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌. പ്രാർത്ഥിക്കാനും ശുശ്രൂഷിക്കാനുമായി വന്നുകൊണ്ടിരുന്ന അവരുടെ മുഖത്തെ ശാന്തതയും ഭക്തിയും ഇന്നും ഞാൻ മറന്നിട്ടില്ല”. ഒരു തലമുറയിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാനാവാത്ത ഒരു പുണ്യജ•ത്തിന്റെ വരവു കണ്ടതിന്റെ ഓർമ്മകൾ. പട്ടിണിയും പരിവട്ടവും രോഗങ്ങളും കൊടികുത്തിവാണ കാലമായിരുന്നു അത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. അന്നു പുത്തൻചിറ, തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. സാമൂതിരിപടയെ ചെറുക്കാൻ സഹായിച്ചതിനു കൊച്ചിരാജ്യം തിരുവിതാംകൂറിനു സമ്മാനിച്ച പ്രദേശമായിരുന്നു പുത്തൻചിറ. തിരുവിതാംകൂറിൽ ചേർന്നതോടെ പുത്തൻചിറയുടെ അധോഗതിയായി. പിന്നീടു തിരുവിതാംകൂറിലേക്കു പുത്തൻചിറ അങ്ങാടിയിലൂടെ നടന്ന ടിപ്പുവിന്റെ പടയോട്ടം, ഈ ഗ്രാമത്തിന്റെ അസ്തമനം പൂർണ്ണമാക്കി. കൊച്ചിയുടെ നെല്ലറ ക്ഷയിച്ചു, കൊപ്രാക്കച്ചവടം കരിന്തിരി കത്തി. നാടുമുഴുവൻ സാമ്പത്തിക തകർച്ചയിലായി. അസ്വസ്ഥതകളും ദാരിദ്ര്യവും രോഗങ്ങളും നിഴലിട്ട ഗ്രാമത്തിന്റെ നാട്ടുവഴികളിലൂടെയാണ്‌ മറിയം ത്രേസ്യ നടന്നു നീങ്ങിയത്‌. അവരെ തൊട്ടടുത്തു കാണാനും ഒന്നു തൊട്ടറിയാനും കഴിഞ്ഞതിലുള്ള ആഹ്ലാദം ആയിരം പൂർണ്ണചന്ദ്ര•ാ‍രെ കണ്ട കുഞ്ഞുവറീതിന്റെ മനസ്സിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നു.
മറിയം ത്രേസ്യയുടെ തലമുറയിൽപ്പെട്ട ഇനിയും ചിലരുണ്ട്‌. പുത്തൻചിറയിൽ നിന്ന്‌ രണ്ടു കിലോമീറ്റർ നടന്ന്‌ എന്നും വെളുപ്പിന്‌ കുഴിക്കാട്ടുശ്ശേരി മഠത്തിലേക്കു പാലുമായി പോയിരുന്ന പത്തുവയസ്സുകാരൻ, ഇന്ന്‌ എൺപത്തേഴുകഴിഞ്ഞ അരീക്കാടൻ ദേവസിക്കുട്ടി. കുഴിക്കാട്ടുശ്ശേരി മഠം സ്ഥാപിക്കാൻ ആളും അർത്ഥവും നൽകി സഹായിച്ചവരിൽപ്പെട്ട തൊണ്ണൂറ്റിമൂന്നുകാരനായ അമ്പൂക്കൻ കൊച്ചപ്പൻ. അങ്ങനെ ധന്യമായ ഒരു ജീവിതത്തെ തൊട്ടടുത്തു കണ്ടവരുടെ, ഇപ്പോൾ പതുക്കെ പടിയിറങ്ങിപ്പോകുന്നവരുടെ അവസാനത്തെ സംഘം. അവർ പറഞ്ഞു വച്ചു പോകുന്നതു ധന്യമായ ഒരു കാഴ്ചയുടെ പാരമ്പര്യമാണ്‌, വാമൊഴികളാണ്‌. തങ്ങളുടെ ഈ ഗ്രാമത്തിൽ ജനിച്ചു വിശ്വത്തോളം വളർന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥ. അൻപതുവർഷത്തെ ജീവിതം കൊണ്ട്‌ ഒരു പുരുഷായുസ്സിന്റെ മുഴുവൻ സുകൃതവും സ്വായത്തമാക്കിയ തപസ്വിനി. മൂന്നോ നാലോ വാചകങ്ങളിൽ ഒതുക്കാവുന്നതേയുള്ളൂ, തോജോമയമായ ആ ജീവിത ചരിത്രം. 1876-ൽ പുത്തൻ ചിറയിലെ സാധാരണ കർഷക കുടുംബത്തിലെ ജനനം. സ്വകാര്യനൊമ്പരങ്ങൾ മനസ്സിലൊതുക്കിക്കഴിഞ്ഞ ബാല്യ, കൗമാരങ്ങള്‌, സഹജരിലേക്കു കരകവിഞ്ഞൊഴുകിയ കാരുണ്യം, കടലിനോളം വളർന്ന സമർപ്പിത ജീവിതം. തനിക്കു പിമ്പേ വരുന്നവർക്കായി രൂപം കൊടുത്ത സന്യാസിനീസമൂഹം. അൻപതാം വയസ്സിൽ അകാലത്തിലുള്ള വിടവാങ്ങൽ. പ്രാഥമിക വിദ്യാഭ്യാസമായിരുന്നു അവരുടെ അറിവിന്റെ നാലുകെട്ട്‌. എങ്കിലും ത്യാഗത്തിന്റെ ശിരോവസ്ത്രവും വിശുദ്ധിയുടെ മേലുടുപ്പുമായി നാട്ടവഴികളിലും വീട്ടുവരാന്തകളിലും അവൾ വെളിച്ചവുമായി ഇറങ്ങി നടന്നു, കയറിയിറങ്ങി. ന•യുടെ സങ്കീർത്തനം പാടി അവൾ വിശുദ്ധിയിലേക്കു നടന്നു പോയി. നാടിനും സമൂഹത്തിനും ധന്യയായിത്തീർന്ന അവളെ ചൂണ്ടി ആഗോള കത്തോലിക്കാ സഭ നാളെ പ്രഖ്യാപിക്കുകയാണ്‌’; ഇവളെന്റെ പ്രിയ പുത്രി, അനുഗ്രഹീത, വാഴ്ത്തപ്പെട്ടവൾ. കോടിക്കണക്കിനു വിശ്വാസികളുടെ മനസ്സുകളിൽ അതു സങ്കീർത്തനാരവം പോല മാറ്റൊലിയിടും; ന• നിറഞ്ഞവളേ, നിനക്കു വന്ദനം.